Leader Page
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വീണ്ടും ഒരു നിർണായക വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി കീയർ സ്റ്റാർമർ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചതോടെ ബ്രിട്ടന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.
അദ്ദേഹത്തിന്റെ പകരക്കാരനായി ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറായ ആൻഡി ബേർനാമിന്റെ പേര് ശക്തമായി ഉയർന്നുവരുന്നു. എന്നാൽ, ഈ നേതൃമാറ്റം ഒരു വ്യക്തിയുടെ ഉയർച്ചയോ പതനമോ മാത്രമല്ല; ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ പ്രവർത്തനരീതിയും ലേബർ പാർട്ടിയുടെ ഭാവിയും ഇന്ത്യയിൽനിന്നുള്ള, പ്രത്യേകിച്ച് കേരളത്തിൽനിന്നുള്ള കുടിയേറ്റത്തിന്റെ ദിശയും മനസിലാക്കാൻ സഹായിക്കുന്ന ഒരു സംഭവവികാസമാണ്.
സ്റ്റാർമറുടെ പിന്മാറ്റം
ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ ഒരു പ്രത്യേകത, നേതാക്കളുടെ നിലനിൽപ് അവരുടെ ആശയങ്ങളേക്കാൾ കൂടുതൽ അവരുടെ വിജയസാധ്യതയെ ആശ്രയിച്ചിരിക്കുന്നു എന്നതാണ്. ഒരു നേതാവ് പാർട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും അധികാരം നിലനിർത്തുമെന്നും വിശ്വാസമുള്ളിടത്തോളം മാത്രമാണ് അദ്ദേഹത്തിന് പിന്തുണ ലഭിക്കുക. ചരിത്രത്തിൽ മാർഗരറ്റ് താച്ചർ മുതൽ ബോറിസ് ജോൺസൺ വരെ നിരവധി നേതാക്കൾ സ്വന്തം പാർട്ടിയുടെ സമ്മർദത്തെ തുടർന്ന് സ്ഥാനമൊഴിഞ്ഞിട്ടുണ്ട്.
2019ലെ ജെറമി കോർബിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം ലേബർ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ കഴിവുള്ള നേതാവായി കണ്ടതിനാലാണ് സ്റ്റാർമർ നേതാവായത്. 2024ൽ അദ്ദേഹം ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. എന്നാൽ അധികാരത്തിലെത്തിയശേഷം സാമ്പത്തികവളർച്ചയിലെ മന്ദഗതി, പൊതുസേവനങ്ങളിലെ പ്രതിസന്ധി, കുടിയേറ്റത്തെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകൾ, വലതുപക്ഷ ജനകീയവാദ രാഷ്ട്രീയത്തിന്റെ ഉയർച്ച എന്നിവ അദ്ദേഹത്തിന്റെ ജനപ്രീതിയെ ബാധിച്ചു.
പ്രത്യേകിച്ച് നൈജൽ ഫാരാജിന്റെ നേതൃത്വത്തിലുള്ള റീഫോം യുകെ പാർട്ടി ലേബറിന്റെ പരമ്പരാഗത തൊഴിലാളിവർഗ വോട്ടർമാരെ ആകർഷിക്കാൻ തുടങ്ങിയപ്പോൾ, സ്റ്റാർമറുടെ നേതൃത്വത്തെക്കുറിച്ച് പാർട്ടിക്കുള്ളിൽതന്നെ സംശയങ്ങൾ ഉയർന്നു.
ആൻഡി ബേർനാം
സ്റ്റാർമറുടെ സാധ്യതാ പകരക്കാരനായി കണക്കാക്കപ്പെടുന്ന ആൻഡി ബേർനാം ഒരു പുതിയ മുഖമല്ല. ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ സർക്കാരുകളിൽ അദ്ദേഹം മന്ത്രിയായിരുന്നു. ആരോഗ്യമന്ത്രിയായും പിന്നീട് ഷാഡോ ആരോഗ്യമന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. 2010ലും 2015ലും ലേബർ പാർട്ടി നേതൃത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാൽ ഈ പരാജയങ്ങളാണ് അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്ററിലെ രാഷ്ട്രീയത്തിൽനിന്ന് ഗ്രേറ്റർ മാഞ്ചസ്റ്ററിന്റെ മേയറെന്ന പുതിയ രാഷ്ട്രീയ വേദിയിലേക്കു നയിച്ചത്.
കോവിഡ് കാലത്ത് കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ച നിലപാടും പൊതുഗതാഗതത്തെ ഏകോപിപ്പിച്ച "ബീ നെറ്റ്വർക്ക്' പദ്ധതിയും, അധികാരവികേന്ദ്രീകരണത്തിനായുള്ള ശക്തമായ വാദവും അദ്ദേഹത്തെ ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലകളിലെ ജനപ്രിയ നേതാവാക്കി. ഇതുകൊണ്ടാണ് അദ്ദേഹത്തെ പലരും "കിംഗ് ഓഫ് ദ നോർത്ത്' എന്ന് വിശേഷിപ്പിക്കുന്നത്.
അദ്ദേഹത്തിന് മന്ത്രിസഭാ പരിചയം, ഷാഡോ മന്ത്രിസഭാ പരിചയം, നേതൃസ്ഥാനത്തേക്കുള്ള മത്സരങ്ങളുടെ പരിചയം, ഒരു ദശാബ്ദത്തോളമുള്ള പ്രാദേശിക ഭരണനിർവഹണ പരിചയം എന്നിവ കൈമുതലായുണ്ട്. സമീപകാല ലേബർ നേതാക്കളിൽ വളരെ കുറച്ചുപേർക്കാണ് ഈ നാല് അനുഭവങ്ങളും ഒരുമിച്ച് ഉണ്ടായിട്ടുള്ളത്.
2026 ജൂണിൽ നടന്ന മേക്കർഫീൽ ഡ് ഉപതെരഞ്ഞെടുപ്പിൽ റീഫോം യുകെ പാർട്ടിയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ആൻഡി ബേർനാം നേടിയ വിജയം ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഒരു നിർണായക വഴിത്തിരിവായി മാറി. ഈ വിജയം അദ്ദേഹത്തെ വെസ്റ്റ്മിൻസ്റ്ററിലേക്ക് തിരിച്ചെത്തിച്ചതോടൊപ്പം കീയർ സ്റ്റാർമറുടെ നേതൃത്വത്തിന് നേരിട്ടുള്ള വെല്ലുവിളിയുയർത്തുകയും ലേബർ പാർട്ടിയുടെ ഭാവി നേതാവെന്ന നിലയിൽ അദ്ദേഹത്തെ മുന്നിലെത്തിക്കുകയും ചെയ്തു.
റീഫോം പാർട്ടിയുടെ വെല്ലുവിളി
സ്റ്റാർമറുടെ പതനം മനസിലാക്കാൻ റീഫോം യുകെ പാർട്ടിയുടെ ഉയർച്ച മനസിലാക്കേണ്ടതുണ്ട്. ബ്രെക്സിറ്റിന് ശേഷം കുടിയേറ്റം, ദേശീയ സ്വത്വം, പൊതുസേവനങ്ങളുടെ നിലവാരം, തൊഴിലാളിവർഗത്തിന്റെ അസംതൃപ്തി തുടങ്ങിയ വിഷയങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെ കേന്ദ്രത്തിലേക്ക് വന്നു. ഈ വികാരങ്ങളെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്തിയാണ് റീഫോം പാർട്ടി വളർന്നത്.
എന്നാൽ ബേർനാം അധികാരത്തിലെത്തിയാൽ റീഫോം പാർട്ടി അപ്രത്യക്ഷമാകുമെന്നു കരുതുന്നത് തെറ്റായിരിക്കും. കാരണം, റീഫോമിന്റെ വളർച്ച ഒരു നേതാവിന്റെ പരാജയം മാത്രമല്ല; അത് ബ്രിട്ടീഷ് സമൂഹത്തിലെ ആഴത്തിലുള്ള സാമ്പത്തികവും സാമൂഹികവുമായ അസംതൃപ്തിയുടെ പ്രതിഫലനമാണ്.
എങ്കിലും തൊഴിലാളിവർഗ വോട്ടർമാരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന നേതാവെന്ന നിലയിൽ ബേർനാം റീഫോമിന്റെ വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയശക്തി ആശയപരമായ വാദങ്ങളിലല്ല, മറിച്ച് പ്രാദേശിക വികസനം, പൊതുസേവനങ്ങൾ, പ്രായോഗിക ഭരണനിർവഹണം എന്നിവയിലാണുള്ളത്.
ബേർനാം വന്നാൽ എന്തു മാറും
ബ്രിട്ടനിൽ പ്രധാനമന്ത്രി മാറിയാലും മുഴുവൻ മന്ത്രിസഭയും മാറണമെന്നില്ല. സാധാരണയായി പ്രധാന വകുപ്പുകളിൽ മാറ്റം വരുത്തുകയും ചില പരിചയസമ്പന്നരായ മന്ത്രിമാരെ നിലനിർത്തുകയും ചെയ്യും. ബേർനാമിന്റെ കാര്യത്തിൽ ഇത് കൂടുതൽ പ്രസക്തമാണ്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നതിനാൽ പാർലമെന്റിൽ വലിയ അനുയായി സംഘമില്ല. അതിനാൽ നിലവിലെ മന്ത്രിസഭയിലെ ചില പ്രമുഖരെ അദ്ദേഹം തുടർന്നും ആശ്രയിക്കേണ്ടിവരും. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് കൂടുതൽ അധികാരം, അടിസ്ഥാനസൗകര്യ വികസനം, പൊതുഗതാഗത പരിഷ്കാരങ്ങൾ, സാമൂഹിക ഭവനനിർമാണം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചേക്കാം.
ബ്രിട്ടനിൽ ഒരേ പാർട്ടിക്കുള്ളിൽ പ്രധാനമന്ത്രി മാറുമ്പോൾ സാധാരണയായി മൂന്ന് പ്രവണതകളാണ് കാണുന്നത്. സാധാരണയായി ധന-ആഭ്യന്തര-ആരോഗ്യ-വിദേശകാര്യ വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കാറുണ്ട്: സാമ്പത്തിക വിപണികൾക്ക് സ്ഥിരതയുടെ സന്ദേശം നൽകുക, പൊതുജനങ്ങളിൽ വിശ്വാസം നിലനിർത്തുക, പാർട്ടിയിലെ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രധാനമന്ത്രിമാർ പലപ്പോഴും ചില പ്രമുഖ മന്ത്രിമാരെ നിലനിർത്താറുണ്ട്. കൂടാതെ നേതൃത്വ മത്സരത്തിൽ പിന്തുണ നൽകിയവരെ മന്ത്രിസഭയിൽ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയർത്തുന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പതിവാണ്.
ബ്രിട്ടനിൽ നേതൃമാറ്റം ഒരു ഇടവേളയായി കാണുന്നില്ല; അത് ഒരു പുതിയ അധ്യായത്തിന്റെ തുടക്കമായാണ് കാണുന്നത്. അതുകൊണ്ടാണ് മുൻ പ്രധാനമന്ത്രിമാർ സാധാരണയായി “മുതിർന്ന രാഷ്ട്രതന്ത്രജ്ഞർ” എന്ന നിലയിലേക്ക് മാറുന്നത്. അധികാരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനേക്കാൾ, പുതിയ നേതാക്കൾക്ക് വഴിമാറിക്കൊടുക്കുക എന്നതാണ് ബ്രിട്ടീഷ് രാഷ്ട്രീയ സംസ്കാരത്തിന്റെ അടിസ്ഥാന സ്വഭാവം. അതുകൊണ്ടുതന്നെ, നിയമപരമായി സാധ്യമായിരുന്നാലും, മുൻ പ്രധാനമന്ത്രിമാരുടെ തിരിച്ചുവരവ് ബ്രിട്ടനിൽ അത്യപൂർവമായ ഒരു സംഭവമായി തുടരുന്നു.
കേരളത്തിന്റെ കുടിയേറ്റ ഭാവി
കേരളത്തിന്റെ കാഴ്ചപ്പാടിൽ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ബ്രിട്ടന്റെ കുടിയേറ്റനയത്തിൽ എന്ത് മാറ്റമുണ്ടാകുമെന്നതാണ്. ഇവിടെ വലിയ പ്രതീക്ഷകൾക്ക് അടിസ്ഥാനമില്ല. കാരണം ഇന്ന് ബ്രിട്ടനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ഒരു കാര്യത്തിൽ ഏകാഭിപ്രായത്തിലാണ്: കുടിയേറ്റം സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി നിയന്ത്രിക്കണം. അതിനാൽ ബേർനാം അധികാരത്തിലെത്തിയാലും സ്ഥിരതാമസത്തിനുള്ള നിബന്ധനകൾ തുടർന്നേക്കും.
കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണങ്ങൾ നിലനിൽക്കാം. കെയർ വർക്കർ വീസകളിൽ നിയന്ത്രണം തുടർന്നേക്കാം. മൊത്തം കുടിയേറ്റസംഖ്യ നിയന്ത്രിക്കാനുള്ള ശ്രമം തുടരും. എന്നാൽ സർവകലാശാലകൾക്കും വൈദഗ്ധ്യമുള്ള കുടിയേറ്റത്തിനും അദ്ദേഹം കൂടുതൽ അനുകൂലമായ സമീപനം സ്വീകരിച്ചേക്കാം.
കേരളത്തിൽനിന്ന് ബ്രിട്ടനിലേക്കുള്ള പ്രധാന കുടിയേറ്റ വിഭാഗങ്ങളായ വിദ്യാർഥികൾ, നഴ്സുമാർ, ഐടി പ്രഫഷണലുകൾ എന്നിവർക്ക് ഇപ്പോഴും അവസരങ്ങൾ തുടരും. എന്നാൽ പഴയതുപോലെ വിദ്യാഭ്യാസം, ജോലി, സ്ഥിരതാമസം എന്ന ലളിതമായ വഴിയല്ല ഇനി മുന്നിലുള്ളത്. പകരം കഴിവ്, തൊഴിൽവിപണിയുടെ ആവശ്യം, വരുമാനനില എന്നിവ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുക്കപ്പെട്ട കുടിയേറ്റ സംവിധാനമാണ് രൂപംകൊള്ളുന്നത്.
കേരളത്തിന് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം “ആരാണ് അടുത്ത പ്രധാനമന്ത്രി?” എന്നതല്ല. പകരം, ആഭ്യന്തര മന്ത്രിയാകുന്നത് ആര്? വിദ്യാഭ്യാസമന്ത്രിയാകുന്നത് ആര്? ആരോഗ്യമന്ത്രിയാകുന്നത് ആര്? ബിസിനസ്-വ്യവസായ മന്ത്രിയാകുന്നത് ആര്? എന്നതാണ്. കാരണം ഈ മന്ത്രാലയങ്ങളാണ് വിദ്യാർഥി വീസകൾ, പഠനാനന്തര തൊഴിൽ അവസരങ്ങൾ, എൻഎച്ച്എസ് നിയമനങ്ങൾ, സ്കിൽഡ് വർക്കർ വീസകൾ, വിദേശ യോഗ്യതകളുടെ അംഗീകാരം തുടങ്ങിയ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്.
വാതിൽ അടയുന്നില്ല, എന്നാൽ...
സ്റ്റാർമറുടെ പതനം ഒരു വ്യക്തിയുടെ രാഷ്ട്രീയ പരാജയമല്ല; ബ്രിട്ടീഷ് പാർട്ടി ജനാധിപത്യത്തിന്റെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന സംഭവമാണ്. അതേസമയം, ബേർനാമിന്റെ ഉയർച്ച പ്രാദേശിക ഭരണനിർവഹണവും പൊതുസേവനങ്ങളും കേന്ദ്രീകരിച്ച ഒരു പുതിയ രാഷ്ട്രീയ ശൈലിയുടെ ഉദയത്തെയും സൂചിപ്പിക്കുന്നു.
ബ്രിട്ടനിൽ പാർട്ടികൾ നേതാക്കളെ സൃഷ്ടിക്കുകയും മാറ്റുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ നേതാക്കൾ പലപ്പോഴും പാർട്ടികളെതന്നെ രൂപപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയ്യുന്നു. ഈ വ്യത്യാസമാണ് സ്റ്റാർമറുടെ സ്ഥാനമൊഴിയലും ബേർനാമിന്റെ ഉയർച്ചയും പോലുള്ള സംഭവങ്ങളെ ബ്രിട്ടനിൽ സാധാരണമാക്കുമ്പോൾ ഇന്ത്യയിൽ അത്തരം നേതൃമാറ്റങ്ങൾ താരതമ്യേന അപൂർവമാക്കുന്നത്.
കേരളീയരുടെ കാഴ്ചപ്പാടിൽ ബ്രിട്ടന്റെ വാതിൽ അടയുന്നില്ല. എന്നാൽ, അത് മുമ്പത്തേക്കാൾ കൂടുതൽ, തെരഞ്ഞെടുക്കപ്പെട്ടവർക്കായി മാത്രമേ തുറക്കപ്പെടുന്നുള്ളൂ. അതുകൊണ്ട് ഭാവിയിലെ വിജയകരമായ കുടിയേറ്റം ആശ്രയിക്കുക രാഷ്ട്രീയമാറ്റങ്ങളിലല്ല; മറിച്ച്, വ്യക്തികളുടെ വിദ്യാഭ്യാസത്തിലും വൈദഗ്ധ്യത്തിലും ആഗോള തൊഴിൽവിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം രൂപപ്പെടുത്താനുള്ള കഴിവിലുമാണ്.
(ലേഖകൻ നാലു സർവകലാശാലകളിൽപ്രഫസറായിരുന്നു. ഇരുപതു വർഷമായിഗാന്ധി മാർഗിന്റെ ചീഫ് എഡിറ്ററാണ്)
National
ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അസാധാരണ ഭാഗ്യചിഹ്നമായി പാറ്റ മാറി. ബിജെപിക്കെതിരേയെന്നു തെളിയിക്കുന്ന ആശയങ്ങളോടെ തുടങ്ങിയ രാഷ്ട്രീയ അക്ഷേപഹാസ്യമായ "കോക്രോച്ച് ജനതാ പാർട്ടി'യുടെ (സിജെപി) സമൂഹമാധ്യമങ്ങളിലെ വൻ കുതിപ്പിനു സമാനതകളില്ല.
അംഗീകൃത രാഷ്ട്രീയപാർട്ടിയല്ലെങ്കിലും ആക്ഷേപഹാസ്യം നിറഞ്ഞ ഓണ്ലൈൻ കൂട്ടായ്മയായി സിജെപി വളർന്നുകഴിഞ്ഞു. നരേന്ദ്ര മോദി ഭരണത്തിനെതിരായ പുതുതലമുറയായ ജെൻസിയുടെ പ്രതിഷേധവും രോഷവും സിജെപിയുടെ വെബ്സൈറ്റിലെ വാക്കുകളിൽ തെളിഞ്ഞുനിൽക്കുന്നു,
സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പത്രപ്രവർത്തന പശ്ചാത്തലമുള്ളയാളുമാണ്. യുപിഎ സർക്കാരിനെ താഴെയിറക്കിയ 2013ലെ അഴിമതിവിരുദ്ധ പോരാട്ടത്തിൽ പങ്കുചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ കൂടെയുണ്ടായിരുന്നു.
പിന്നീട് അമേരിക്കയിലേക്കു മാറിയെങ്കിലും അഭിജീത് ഇന്ത്യൻ രാഷ്ട്രീയത്തെ സസൂക്ഷ്മം പിന്തുടരുന്നുണ്ട്. നരേന്ദ്ര മോദിയുടെ ബിജെപി സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇദ്ദേഹം.
Kerala
കോട്ടയം: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന തർക്കം കോൺഗ്രസിൽ കത്തുകയും വിഷയം തെരുവിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. വി.ഡി. സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി രംഗത്തുള്ളത്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുന്നിൽനിന്നു നയിച്ച വി.ഡി.സതീശനു മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന പൊതുവികാരം അണികൾക്കിടയിൽ ശക്തമാണെങ്കിലും എംഎൽഎമാരിൽ വലിയൊരു വിഭാഗത്തിന്റെ പിന്തുണ കെ.സി.വേണുഗോപാലിന് ആണെന്നതാണ് തർക്കം രൂക്ഷമാക്കിയിരിക്കുന്നത്.
ഇതോടെ അണികളിൽ ഒരു വിഭാഗം വി.ഡി. സതീശനു വേണ്ടി പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു. പലേടത്തും സതീശന്റെ ചിത്രങ്ങളുമേന്തി പ്രകടനം നടന്നു. ദിവസങ്ങളായി നടന്നുവന്ന ഫ്ളെക്സ് യുദ്ധം അതിന്റെ പാരമ്യതയിലെത്തി. ഇന്നു ഒരു പ്രവർത്തകൻ സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്താൻ ഒരുങ്ങി.
2006ൽ വി.എസ്. അച്യുതാനന്ദനു വേണ്ടി സിപിഎം പ്രവർത്തകർ നാടൊട്ടുക്കും നടത്തിയ പ്രകടനങ്ങൾക്കും പിന്തുണ പ്രഖ്യാപനങ്ങൾക്കും സമാനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കേരളത്തിൽ അരങ്ങേറുന്നത്. അന്നു വിഎസിനെ മുന്നിൽ നിർത്തിയായിരുന്നു സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജയിച്ചുകയറാൻ വിഎസിന്റെ ജനപ്രീതിയെ ഉപയോഗിച്ച സിപിഎം തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മറ്റൊരാളെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം തുടങ്ങി. ഇതോടെയാണ് പ്രവർത്തകർ നാടൊട്ടും വൻ പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയത്. കണ്ണേ കരളേ വിഎസേ എന്നുള്ള മുദ്രാവാക്യം കേരളത്തിലെന്പാടും അലയടിച്ചു.
ജനങ്ങളുടെ കടുത്ത സമ്മർദങ്ങൾക്കു വഴങ്ങി ഒടുവിൽ പാർട്ടി വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാൻ തയാറായി. എന്നാൽ, അദ്ദേഹത്തെ പിടിച്ചുകെട്ടനായി ആഭ്യന്തരമന്ത്രിപദം കൊടുത്തില്ല. പകരം കോടിയേരി ബാലകൃഷ്ണനെ ആഭ്യന്തരമന്ത്രിയായി നിയോഗിച്ചു.
കോൺഗ്രസിലെ മുഖ്യമന്ത്രിതർക്കം രൂക്ഷമാകുമ്പോൾ 2006 മേയിൽ നടന്ന വിഎസ് അനുകൂല പ്രകടനങ്ങളാണ് ഇപ്പോൾ പലർക്കും ഒാർമവരുന്നത്. അന്നു കണ്ണേ കരളേ വിഎസേ എന്നു മുഴങ്ങിയെങ്കിലും നയിച്ചവൻ ഇരുപതു വർഷത്തിനു ശേഷം ഒരു തനിയാവർത്തനം. മാറ്റം മുന്നണിക്കും കഥാപാത്രങ്ങൾക്കും മാത്രം.
Leader Page
ചാണക്യതന്ത്രങ്ങൾ എന്നു കേൾക്കാത്തവരുണ്ടാകില്ല. രാഷ്ട്രീയത്തിലും ബിസിനസിലും ചാണക്യതന്ത്രങ്ങൾ പയറ്റുന്നവർ നിരവധിയാണ്. അടിസ്ഥാന രാഷ്ട്രീയഗ്രന്ഥമായ അർഥശാസ്ത്രം രചിച്ചയാളാണ് ചാണക്യൻ.
മൗര്യ സാമ്രാജ്യത്തിന്റെ ഉദയത്തിനും നന്ദ രാജവംശത്തിന്റെ നാശത്തിനും നേതൃത്വം നൽകിയ പുരാതന ഇന്ത്യൻ തത്വചിന്തകൻ, സാന്പത്തിക ശാസ്ത്രജ്ഞൻ, നിയമജ്ഞൻ, രാജകീയ ഉപദേഷ്ടാവ് എന്നിങ്ങനെ പല വിശേഷണങ്ങളും ചാണക്യനു സ്വന്തം. ചന്ദ്രഗുപ്ത മൗര്യ ചക്രവർത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്ന ചാണക്യൻ പരന്പരാഗതമായി കൗടില്യൻ (ഗോത്രം) അല്ലെങ്കിൽ വിഷ്ണുഗുപ്തൻ (ജന്മനാമം) എന്നും അറിയപ്പെടുന്നു.
ക്രൂരമായ പ്രായോഗികതയ്ക്കും പേരുകേട്ടയാളാണ് ചാണക്യൻ. നൂറ്റാണ്ടുകളായി ചാണക്യന്റെ ആശയങ്ങൾ ഇന്ത്യയെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ വിഖ്യാതമാണ്. ശത്രുവിന്റെ ബലഹീനത മനസിലാക്കി പ്രവർത്തിക്കുകയെന്നതാണ് ഇതിൽ മുഖ്യം. അത്യാവശ്യ ഘട്ടത്തിൽ ശത്രുവിനോടു സൗഹൃദം നടിക്കുന്നതിൽ തെറ്റില്ലെന്നും മറ്റുമുള്ള ചാണക്യസൂത്രങ്ങളോടു മൂല്യബോധമുള്ളവർ വിയോജിക്കും. സ്വന്തം ലക്ഷ്യങ്ങളും ബലഹീനതകളും മറ്റാരോടും പറയരുത്. ശത്രുക്കൾക്കിത് അവസരമുണ്ടാക്കും.
ചാണക്യൻ ഞെട്ടുന്ന തന്ത്രം
വിശാലമായ ചാരശൃംഖലയും സൈനികശക്തിയും ജനങ്ങളുടെ ക്ഷേമവും എല്ലാം ചേർന്നതാണു ചാണക്യന്റെ രാജ്യവികസനം. ചാണക്യനെപ്പോലെ മാസ്റ്റർ തന്ത്രജ്ഞരെ ഇന്ത്യൻ രാഷ്ട്രീയത്തിലും കണ്ടു.
“ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, നിങ്ങളുടെ തന്ത്രം കണ്ട് അദ്ദേഹം ഞെട്ടിയേനെ” എന്നാണ്, വനിതാ സംവരണത്തിന്റെ പേരിലുള്ള ലോക്സഭാ എംപിമാരുടെ എണ്ണം കൂട്ടാനുള്ള ഭരണഘടനാ ഭേദഗതി നിയമ ചർച്ചയ്ക്കിടെ കോണ്ഗ്രസ് എംപി പ്രിയങ്ക ഗാന്ധി പറഞ്ഞത്. അമിത് ഷായെ വിമർശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ഈ പരിഹാസം.
വീണിതല്ലോ കിടക്കുന്നു...
പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ പരാജയപ്പെട്ടതോടെ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പാകുമോയെന്നതു വീണ്ടും ത്രിശങ്കുവിലായി! വെറും 298 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. 230 എംപിമാർ എതിർത്തു. മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണഘടനാ ഭേദഗതികൾ പരാജയപ്പെട്ടു. ചർച്ചയും വോട്ടെടുപ്പും രണ്ടാംദിവസം രാത്രി ഏഴരയും കടന്നിട്ടും സർക്കാരിനു രക്ഷയുണ്ടായില്ല. മൂന്നു ബില്ലുകളെയും എതിർത്തു തോൽപ്പിക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചപ്പോൾത്തന്നെ സർക്കാർ വെട്ടിലായിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹതപ്പെട്ടതു നിഷേധിക്കുന്നതും വനിതാ സംവരണത്തിന്റെ അന്തഃസത്ത തകർക്കുന്നതുമാണു ബില്ലുകളെന്നാണു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
ഒരുപക്ഷേ കഴിഞ്ഞ 12 വർഷത്തിനിടെ ആദ്യമായി മോദി-ഷാ ദ്വയത്തിന്റെ ആസൂത്രണവും തന്ത്രവും ഫലിച്ചില്ല. പ്രതിപക്ഷത്തെ വനിതാ സംവരണം എന്ന കുരുക്കിലാക്കി നേട്ടം കൊയ്യാനുള്ള കേന്ദ്രത്തിന്റെ തന്ത്രമാണ് ഇന്നലെ ലോക്സഭയിൽ പാളിയത്. മോദിയെ വെല്ലുന്ന ചാണക്യതന്ത്രങ്ങളാണു പ്രതിപക്ഷം പയറ്റിയത്. മോദിയും ഷായും ഒരുക്കിയ വനിതാ സംവരണ കെണി ഒഴിവാക്കാൻ പ്രതിപക്ഷം ഉയർത്തിയ ജാതി സെൻസസിന്റെയും മണ്ഡല പുനർനിർണയ വിവാദത്തിന്റെയും കെണിയിൽനിന്ന് അപ്പാടെ തലയൂരാൻ ബിജെപിക്കായതുമില്ല. രാഷ്ട്രീയ കൗശലത്തിൽ പ്രതിപക്ഷം ഇക്കുറി ഭരണപക്ഷത്തിനു പിന്നിലായില്ല.
രാഷ്ട്രീയലാക്കിന്റെ തിടുക്കം
വനിതാ സംവരണ നിയമം ഭേദഗതി ചെയ്യാനും എംപിമാരുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുമുള്ള 131-ാം ഭരണഘടനാ ഭേദഗതി ബിൽ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനുള്ള ഡീലിമിറ്റേഷൻ ബിൽ, ജമ്മു കാഷ്മീരിനും മറ്റുമുള്ള കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലുകളിൻമേൽ ലോക്സഭയിൽ നടന്ന ചർച്ച ഭരണ-പ്രതിപക്ഷങ്ങളുടെ ചാണക്യതന്ത്രങ്ങളുടെ നേർക്കാഴ്ചയായി. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതിനായി 2023ൽ പാർലമെന്റ് ഏതാണ്ട് ഏകകണ്ഠമായി പാസാക്കിയ വനിതാ സംവരണ നിയമം പക്ഷേ മോദി സർക്കാരിനു കീറാമുട്ടിയായി.
2023ൽ പാർലമെന്റ് പാസാക്കിയ ‘നാരീശക്തി വന്ദൻ അധിനിയം’ എന്ന വനിതാ സംവരണ നിയമം പ്രാബല്യത്തിലാക്കിയതു കഴിഞ്ഞ ദിവസമാണ്. പാർലമെന്റിന്റെ പ്രത്യേക ത്രിദിന സമ്മേളനം വിളിച്ചു ചർച്ച തുടങ്ങിയ ശേഷമാണു പഴയ നിയമം പ്രാബല്യത്തിലാക്കിയ വിജ്ഞാപനം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയിട്ടും വിജ്ഞാപനം ഇറക്കാതെ കേന്ദ്രം ഒളിച്ചുകളിച്ചു. പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായി ഇപ്പോൾ കാണിച്ച തിടുക്കത്തിനു രാഷ്ട്രീയദുഷ്ടലാക്ക് ആരോപിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല.
കണക്കില്ലാതെ കള്ളക്കളി
പുതിയ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) പൂർത്തിയാക്കിയശേഷം ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയം നടത്തുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സീറ്റുകൾ സംവരണം ചെയ്യുന്ന നിയമം, ഇവ രണ്ടും പൂർത്തിയാക്കിയ ശേഷമേ നടപ്പാക്കുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി ഷാ പാർലമെന്റിൽ ഉറപ്പു നൽകിയതുമാണ്. പാർലമെന്റ് പാസാക്കിയ നിയമത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 2029ലെ പൊതുതെരഞ്ഞെടുപ്പിനായി രാഷ്ട്രീയ ഭൂപടം അനുകൂലമായി പുനർരൂപകൽപന ചെയ്യാനുള്ള ബിജെപിയുടെ ശ്രമമാണു പെട്ടെന്നുള്ള മനംമാറ്റത്തിനു പിന്നിലെന്നു പ്രതിപക്ഷം സംശയിക്കുന്നു. അതിൽ തെറ്റുമില്ല.
പുതിയ സെൻസസ് കണക്കുകളില്ലാതെ പാർലമെന്ററി നിയോജകമണ്ഡലങ്ങൾ പുനർനിർണയിക്കുന്നതിനുള്ള ഡീലിമിറ്റേഷൻ ബിൽ ഉൾപ്പെടെ മൂന്നു ബില്ലുകളാണു ലോക്സഭയിൽ ഇന്നലെ പരാജയപ്പെട്ടത്. മോദിക്കും ഷായ്ക്കും ബിജെപിക്കും കനത്ത തിരിച്ചടിയാണിത്. സംഘപരിവാർ ന്യായീകരണ തൊഴിലാളികളെ ഇറക്കിയാലും രക്ഷയില്ല. വേണ്ടത്ര കൂടിയാലോചനകളോ സമവായമോ ഇല്ലാതെ തെരക്കിട്ടു നടപ്പാക്കാനൊരുങ്ങിയതാണു പ്രതിപക്ഷം ചുരുട്ടിക്കൂട്ടിയത്. പ്രതിപക്ഷത്തെ ഭിന്നതകൾ മുതലെടുക്കാമെന്നും വനിതാ സംവരണത്തെ ആർക്കും എതിർക്കാനാകില്ലെന്ന അമിത ആത്മവിശ്വാസവുമാണു തകർന്നത്.
ചിതറിയവരെ ഒന്നിപ്പിച്ചു
കോണ്ഗ്രസും തൃണമൂലും ഡിഎംകെയും എസ്പിയും ഇടതുപാർട്ടികളും മുതൽ ആം ആദ്മി പാർട്ടി വരെയുള്ളവരെ ഒന്നിപ്പിക്കാൻ മാത്രമാണു പ്രത്യേക പാർലമെന്റ് സമ്മേളനം വഴിതെളിച്ചത്. ചിതറിയോടിയ പ്രതിപക്ഷത്തെ ഒന്നിപ്പിച്ചതിനുള്ള ക്രെഡിറ്റ് കേന്ദ്രസർക്കാരിലെ ഏതെങ്കിലുമൊരു മന്ത്രിയുടെ തലയിൽ ചാരി തടിതപ്പുകയേ രക്ഷയുള്ളൂ. പക്ഷേ, മോദിയും ഷായും മുന്നിൽനിന്നു നയിച്ച തന്ത്രം പാളിയതിനു വേറെയാരെയും പഴിചാരിയിട്ടു കാര്യമില്ല. രാഷ്ട്രീയ കുടിലതയുടെ തിരിച്ചടിയാണെന്നു പ്രതിപക്ഷം പരിഹസിക്കുന്നു.
കേന്ദ്രസർക്കാർ ഇന്നലെ നിർദേശിച്ച ഡീലിമിറ്റേഷനുള്ള 2011ലെ സെൻസസിൽ ജാതികണക്കെടുപ്പ് ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധിയുടെയും നിതീഷ് കുമാറിന്റെയും നിലപാടുകളെ തുടർന്നാണ് ഈ വർഷത്തെ കാനേഷുമാരി പ്രക്രിയയിൽ ജാതികൂടി ഉൾപ്പെടുത്തിയത്. ഏഴു പതിറ്റാണ്ടിൽ ആദ്യമായാണിത്. ജാതി കണക്കെടുപ്പു നടക്കാത്തിടത്തോളം, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ശരിയായ പ്രാതിനിധ്യം ലഭിക്കില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞതു സർക്കാരിനെ വെട്ടിലാക്കാൻകൂടിയായിരുന്നു. ജാതി സെൻസസിനെ ബിജെപി ഭയപ്പെടുന്നുവെന്നും ഇരുവരും ആരോപിച്ചു. കെ.സി. വേണുഗോപാൽ, ശശി തരൂർ, അഖിലേഷ് യാദവ്, കനിമൊഴി തുടങ്ങിയവരെല്ലാം പ്രതിപക്ഷ ആക്രമണത്തിനു മൂർച്ച കൂട്ടി.
മറഞ്ഞിരിക്കുന്ന ഗൂഢതന്ത്രം
വനിതാ സംവരണത്തിനു ശ്രമിക്കുകയും അനുകൂലിക്കുകയും ചെയ്തവരാണ് കോണ്ഗ്രസ്. സെൻസസിനു മുന്പുള്ള മണ്ഡല പുനർനിർണയത്തെയും പാർലമെന്റിലെ എംപിമാരുടെ സീറ്റുകൂട്ടലിനെയും എതിർത്തു. പ്രതിപക്ഷത്തെ പ്രധാന പാർട്ടികളെല്ലാം ഇക്കാര്യത്തിൽ ഒറ്റക്കെട്ടായി നിന്നു. പശ്ചിമബംഗാൾ, തമിഴ്നാട് തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ സർവകക്ഷി യോഗം വിളിച്ചു ചർച്ച ചെയ്തശേഷമേ പുതിയ ബില്ലുകൾ അവതരിപ്പിക്കാവൂ എന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പാർലമെന്റിലും രണ്ടു തവണ കത്ത് മുഖേനയും ആവശ്യപ്പെട്ടത് അവഗണിച്ചായിരുന്നു കേന്ദ്രനീക്കം.
ലോക്സഭയുടെ നിലവിലെ 543 സീറ്റുകളിൽനിന്ന് 850 സീറ്റുകളിലേക്കു വർധിപ്പിക്കാനുള്ള മോദി സർക്കാരിന്റെ പദ്ധതികൾക്കു പിന്നിൽ മറഞ്ഞിരിക്കുന്നതു ദുഷ്ട രാഷ്ട്രീയ ലക്ഷ്യമാണെന്നു പ്രതിപക്ഷം പറയുന്നു. പതിനഞ്ചു വർഷം മുന്പുള്ള ജനസംഖ്യ മാത്രം അടിസ്ഥാനമാക്കി സീറ്റുകൾ കൂട്ടിയാൽ ബിജെപിക്കു ഭൂരിപക്ഷം നേടുക എളുപ്പമാകും.
ഉറപ്പാക്കണം തുല്യനീതി
നൂറ്റാണ്ടുകളായുള്ള ലിംഗ വിവേചനത്തിലൂടെ പാർലമെന്റിലും നിയമസഭകളിലും പുരുഷന്മാർ കൈവശപ്പെടുത്തിയിരിക്കുന്ന രാഷ്ട്രീയ ഇടങ്ങൾ സ്ത്രീകൾക്കായി ഒഴിയേണ്ടതുണ്ട്. അതിനു പകരം സീറ്റുകൾ കൂട്ടുന്നതിലൂടെ പുരുഷാധിപത്യം വീണ്ടും ഉറപ്പിക്കുന്നു. ഇതിലും കേന്ദ്രത്തിന്റെ ദുഷ്ടലാക്കുണ്ട്. നിലവിൽ 543 എംപിമാരിൽ 86 ശതമാനം പുരുഷന്മാരാണ്. നിർദേശിക്കപ്പെട്ട 816 അല്ലെങ്കിൽ 850 അംഗ പാർലമെന്റിൽ 300ൽ താഴെ സ്ത്രീകളുടെ ശബ്ദം വീണ്ടും തഴയപ്പെടും. വിവേചനങ്ങളില്ലാത്ത തുല്യനീതിയുടെ രാജ്യമാകണം ഇന്ത്യ.
Kerala
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽസിൽ പേരുൾപ്പെട്ടിട്ടുള്ള വ്യവസായപ്രമുഖൻ അനിൽ അംബാനി ഇന്ത്യയുടെ നയതന്ത്രകാര്യങ്ങളിൽ ശിപാർശകൾ നൽകുന്നുണ്ടെന്ന സൂചനകൾ എപ്സ്റ്റീൻ ഫയൽസിൽ. പേര് വെളിപ്പെടുത്താത്ത ഒരു നന്പർ 2017 മാർച്ച് ഒന്പതിന് അനിൽ അംബാനിക്ക് അയച്ചിട്ടുള്ള സന്ദേശങ്ങൾ എപ്സ്റ്റീൻ ഫയൽസിലുണ്ടെന്നതാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സന്ദേശത്തിൽ അജ്ഞാത നന്പർ ഇന്ത്യയിലേക്കുള്ള സ്ഥാനപതിയാകാൻ താത്പര്യമുള്ള സ്ഥാനാർഥിയെ നിർദേശിക്കാൻ അനിൽ അംബാനിയോട് ആവശ്യപ്പെടുന്നതും അംബാനി തിരിച്ച് മുൻ സിഐഎ തലവനായ ഡേവിഡ് പെട്രായസിന്റെ പേര് നിർദേശിക്കുന്നതും എപ്സ്റ്റീൻ ഫയൽസിലുണ്ട്. ഇതിനു പ്രതികരണമായി നിങ്ങളുടെ രണ്ടാമത്തെ ചോയ്സാരാണെന്ന് അജ്ഞാതനന്പർ ചോദിക്കുന്നതിനു മറുപടിയായി "ആരാണ് നിങ്ങളുടെ അല്ലെങ്കിൽ അവരുടെ ചോയ്സ്’ എന്നാണ് അനിൽ അംബാനി മറുപടി നൽകുന്നത്.
യുഎസ് നീതിവ്യായവകുപ്പ് പുറത്തുവിട്ട ഇതേ ഫയലിൽത്തന്നെ 2017 മാർച്ച് 16ന് അനിൽ അംബാനി അജ്ഞാത നന്പറിലേക്ക് അയച്ച സന്ദേശം ഇങ്ങനെയാണ് "ഹലോ, ഡൽഹിയിലുണ്ടായിരുന്നു. ജാരഡിനെയും ബാനണിനെയും ഉടനടി സന്ദർശിക്കുന്നതിന് നേതൃത്വത്തിന് നിങ്ങളുടെ സഹായം താത്പര്യമായുണ്ട്. ദയവായി ഉപദേശം നൽകുക. പ്രധാനമന്ത്രി മേയിൽ ഡോണൾഡിനെ കാണാൻ ഡിസി (വാഷിംഗ്ടണ് ഡിസി) സന്ദർശിക്കാൻ സാധ്യതയുണ്ട്. അതിലും സഹായം നൽകുക.' മറ്റൊരു ഫയലിൽ 2017 മാർച്ച് ഒന്പതിന് ഇതേ നന്പറിലേക്ക് അയച്ചിരിക്കുന്ന സന്ദേശത്തിൽ ഡേവിഡ് പെട്രായസിന് ഇന്ത്യയിലെ അംബാസഡറാകാൻ കഴിയുമോയെന്നും ജോണ് ഹണ്ട്സ്മാൻ റഷ്യയിലേക്കു പോകുകയാണെന്നും അംബാനി പറയുന്നുണ്ട്.
ഇതേ അജ്ഞാത നന്പർ എപ്സ്റ്റീൻ തന്നെയാണെന്നുള്ളതിന് മറ്റു സൂചനകൾ ഈ നന്പറും അനിൽ അംബാനിയും തമ്മിൽ ആദ്യം ആശയവിനിമയങ്ങൾ എസ്എംഎസ് രൂപത്തിൽ കൈമാറിയെന്ന് കരുതപ്പെടുന്ന 2017 ഫെബ്രുവരി 23ലെ സന്ദേശങ്ങൾ നൽകുന്നുണ്ട്. ഒരു സന്ദേശത്തിൽ തന്നെ സ്വയം പരിചയപ്പെടുത്തുവെന്ന തരത്തിൽ "ജെഫ്രി’ എന്ന സന്ദേശം നന്പർ കൈമാറുന്നുണ്ട്. ഇതിനു പകരമായി "നിങ്ങളെ കണ്ടത് ആസ്വദിച്ചു’ എന്നാണ് അംബാനി മറുപടി നൽകുന്നത്.
ഇതേ ഫയലിൽ 2017 മാർച്ച് രണ്ടിന് ഇരുവരും കൈമാറുന്ന സന്ദേശങ്ങൾ പ്രകാരം അജ്ഞാതനന്പർ അനിൽ അംബാനിയെ ഒരു ദ്വീപിലേക്കു ക്ഷണിക്കുന്ന സന്ദേശവുമുണ്ട്. "നിങ്ങൾക്ക് കരീബിയനിലെ എന്റെ ദ്വീപിലേക്ക് സ്വാഗതം. തീയതികൾ മാത്രം നൽകുക’ എന്ന സന്ദേശത്തിന് "സുൽത്താനുമായി പദ്ധതി ചെയ്യാം. ഇന്ത്യാബന്ധത്തിനും സൈനിക സഹകരണത്തിനുമായി വൈറ്റ് ഹൗസുമായി ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ നിർദേശം ആവശ്യമാണ്’ എന്നാണ് അംബാനി മറുപടി നൽകിയിരിക്കുന്നത്. "പകരമായി എന്തുനൽകും? പ്രത്യയശാസ്ത്രം വേണ്ട’ എന്ന് അജ്ഞാതന്പർ പ്രതികരണം നൽകുന്പോൾ "ഇന്ത്യൻ മാർക്കറ്റ് വാട്ടെവർ വർക്ക്സ്!’ എന്നാണ് അംബാനി നൽകിയിട്ടുള്ള ഉത്തരം.
മോദിസർക്കാർ 2014ൽ അധികാരമേറ്റതിനുശേഷം ഇന്ത്യയുടെ നയതന്ത്രബന്ധത്തിലും വിദേശനയത്തിലും അമേരിക്കയിലെ ഉന്നതരുമായി സാമൂഹികബന്ധം പുലർത്തിയിരുന്ന ലൈംഗിക കുറ്റവാളി എപ്സ്റ്റീൻ പങ്കുവഹിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം കോണ്ഗ്രസ് ദേശീയ വക്താവ് പവൻ ഖേരയും ആരോപിച്ചിരുന്നു.
Leader Page
പ്രതീക്ഷ, പ്രത്യാശ, അനിശ്ചിതത്വം, ആശങ്ക തുടങ്ങിയവയുടെ സമ്മിശ്ര പ്രതികരണമാണ് ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച വ്യാപാരക്കരാർ ഉയർത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പതിവുപോലെ, ആദ്യം പ്രഖ്യാപിച്ച കരാറിന്റെ പേരിൽ പാർലമെന്റിലും പുറത്തും പ്രതിപക്ഷം ഇന്നലെ നടത്തിയ വൻ പ്രതിഷേധം വരാനിരിക്കുന്ന രാഷ്ട്രീയ വിവാദത്തിന്റെ തുടക്കമാകും. ട്രംപിനു മുന്നിൽ മോദി കീഴടങ്ങിയെന്ന് ആരോപിച്ച് പ്രതിപക്ഷം വിളിച്ച "സറണ്ടർ മോദി’ വിളികളുടെ അലയൊലി ഉടനെ അടങ്ങില്ല.
ഇന്ത്യ- യുഎസ് വ്യാപാരക്കരാർ യാഥാർഥ്യമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളും അണിനിരന്നപ്പോൾ, മോദി പൂർണമായും ട്രംപിനു കീഴടങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത്. ആഗോള രാഷ്ട്രീയ, സാന്പത്തിക ക്രമം മാറ്റിയെഴുതുന്ന ട്രംപിന്റെ സമ്മർദങ്ങൾക്കു വഴങ്ങി ഇന്ത്യ വിട്ടുവീഴ്ചകൾ ചെയ്യുന്നുവെന്ന ആരോപണം ശരിയാണെങ്കിൽ ഗുരുതരമാണ്. ട്രംപിന്റെയും തുടർന്നു മോദിയുടെയും സമൂഹമാധ്യമ ട്വീറ്റുകളിലൂടെയാണ് രാജ്യത്തിന്റെ സുപ്രധാന അന്താരാഷ്ട്ര കരാർ രാജ്യവും ജനങ്ങളും അറിഞ്ഞതെന്നതും വിവാദമാണ്. പാർലമെന്റ് സമ്മേളനം നടക്കുന്നതിനിടയിലാണിതെന്നതു പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സ്വയംഭരണത്തിനെന്തു പറ്റി?
വ്യാപാരക്കരാറിലെ വ്യവസ്ഥകൾ മുതൽ ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങരുതെന്നും വെനസ്വേലയിൽനിന്ന് വാങ്ങുമെന്നും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് തീരുമാനിക്കുകയും പറയുകയും ചെയ്തതിന്റെ അരുതായ്മയും നാണക്കേടും മറയ്ക്കാൻ കേന്ദ്രം പ്രയാസപ്പെടും.
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്നു അമേരിക്കൻ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ്. ഇന്ത്യയിലെ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെ നോക്കുകുത്തിയാക്കിയാണ് ട്രംപ് ഇന്ത്യയുടെ പെട്രോളിയം വാങ്ങൽ തീരുമാനിച്ചതെന്ന് രാജ്യസഭയിൽ ജോണ് ബ്രിട്ടാസ് ഇന്നലെ പരിഹസിച്ചതിനെ കുറ്റപ്പെടുത്താനാകില്ല.
അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾക്കു പൂജ്യം തീരുവ. തിരിച്ച് ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതികൾക്ക് 18 ശതമാനം തീരുവ. ഇതു സന്തുലിതവും ന്യായവുമല്ല. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്താൻ സമ്മതിച്ചെന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യ നിഷേധിച്ചില്ല. യുഎസിൽനിന്നും വെനസ്വേലയിൽനിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങുമെന്ന് ട്രംപ് പറഞ്ഞതിനോടും പ്രതികരിക്കാനായില്ല. ഇറാനിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്നും ട്രംപ് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണത്തിന് എന്താണു സംഭവിച്ചതെന്ന ചോദ്യത്തിന് ന്യായമായ ഉത്തരം പറയാൻ കേന്ദ്രം പ്രയാസപ്പെടും. ഇന്ത്യയെ മോദി വിറ്റുവെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
സമ്മർദത്തിനു വഴങ്ങരുത്
വികസിതമായ 27 രാജ്യങ്ങളുടെ യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിനെക്കുറിച്ച് കാര്യമായ ആക്ഷേപം ഉയർന്നില്ല. പക്ഷേ അതല്ല ഇന്ത്യ- യുഎസ് വ്യാപാരക്കരാർ. അമേരിക്കയും ഇന്ത്യയും തമ്മിൽ സമയവ്യത്യാസം ഉണ്ടെങ്കിലും തിങ്കളാഴ്ച രാത്രിയിലാണ് ട്രംപിന്റെ "ഉടൻ പ്രാബല്യത്തോടെ' യുള്ള കരാർ പ്രഖ്യാപനം ഉണ്ടായത്. ഇത്തരത്തിലൊരു നടപടി ഇന്ത്യയുടെ ചരിത്രത്തിൽ മുന്പുണ്ടായിട്ടില്ല.
മറ്റൊരു രാജ്യത്തിന്റെ സമ്മർദത്തിനു വഴങ്ങിയില്ലെന്നു തെളിയിക്കാനുള്ള ബാധ്യത കേന്ദ്രസർക്കാരിനുണ്ട്. പ്രധാനമന്ത്രി അനാവശ്യ സമ്മർദത്തിനു വഴങ്ങുന്നുവെന്നും വിട്ടുവീഴ്ച ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുൽ കുറ്റപ്പെടുത്തുന്നു. ജമ്മു കാഷ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേ നടത്തിയ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചതിന്റെ പ്രഖ്യാപനം ട്രംപ് ആദ്യം നടത്തിയതിന്റെ ക്ഷീണം മാറിയിട്ടില്ല. 2025 മേയ് 10ന് ട്രംപിനു മോദി കീഴടങ്ങിയതിന്റെ തുടർച്ചയാണു വ്യാപാര ക്കരാറിലും ഉണ്ടായതെന്ന് എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാലും ജയറാം രമേശും ആരോപിച്ചു.
ആശങ്കയിലായി കർഷകർ
അമേരിക്കയുമായി ഒപ്പുവച്ച വ്യാപാരക്കരാറിനെക്കുറിച്ച് വാണിജ്യമന്ത്രി പിയൂഷ് ഗോയലിന്റെ പ്രസ്താവന ഇന്നലെ പാർലമെന്റിലുണ്ടായില്ല. എന്നാൽ, ഇന്നലെ വൈകുന്നേരം മന്ത്രി ഗോയൽ വാർത്താസമ്മേളനം വിളിച്ച് കരാറിനെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു. പാർലമെന്റിൽ മന്ത്രി ഇന്നു പ്രസ്താവന നടത്തിയേക്കും. കരാറിന്റെ എല്ലാ വിശദാംശങ്ങളും അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അമേരിക്ക, യൂറോപ്യൻ യൂണിയൻ കരാറുകളെക്കുറിച്ചു പാർലമെന്റിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനും സർക്കാരിനു പ്രയാസമുണ്ട്.
അമേരിക്കയിൽനിന്നുള്ള കാർഷിക ഇറക്കുമതി ഉദാരവത്കരിച്ചിട്ടുണ്ടെന്ന് യുഎസ് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിൻസ് പറഞ്ഞതിൽ രാജ്യത്തെ കർഷകർ വലിയ ആശങ്കയിലാണ്. ഇന്ത്യൻ കർഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും സംരക്ഷിച്ചുവെന്നും കേന്ദ്രസർക്കാർ ആവർത്തിച്ച് ഉറപ്പുപറയുന്നതിനിടെയാണ് അമേരിക്കയുടെ പ്രഖ്യാപനം. നമ്മുടെ നട്ടെല്ലായ കർഷകരുടെ താത്പര്യങ്ങൾ ബലികഴിക്കുന്ന കാർഷിക ഇറക്കുമതിയുടെ ഉദാരവത്കരണം അപകടകരമാണെന്ന് കേരള എംപിമാർ മുന്നറിയിപ്പു നൽകുന്നു.
വിസ്കിയും ആണവോർജവും
കർശന നിയന്ത്രണമുള്ള ആണവോർജ മേഖലയിലേക്കു പ്രവേശിക്കാൻ സ്വകാര്യ കന്പനികളെ അനുവദിക്കാൻ ഇന്ത്യയിൽ പ്രത്യേകം നിയമം പാസാക്കി. ദ് സസ്റ്റെയ്നബിൾ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്ഫോർമിംഗ് ഇന്ത്യ (ശാന്തി) നിയമം- 2025നു പിന്നിൽ അമേരിക്കയുടെ താത്പര്യവും ഉണ്ടെന്നതിൽ സംശയമില്ല.
മോദിയെ ഒപ്പമിരുത്തി "താരിഫ് രാജാവ്' എന്നു ട്രംപ് വിളിച്ചത് മറക്കാറായില്ല. ഹാർലി ഡേവിഡ്സണ് പോലുള്ള അമേരിക്കൻ കന്പനികൾ ഇന്ത്യയിൽ പരാജയപ്പെടുന്നതിനെക്കുറിച്ച് ട്രംപ് എടുത്തുപറഞ്ഞു. ഇതിനുശേഷം രണ്ടു ഡസനിലധികം ഇനങ്ങളുടെ തീരുവ ഇന്ത്യ ബജറ്റിൽ കുറച്ചു.
എൻജിൻ ശേഷി 1,600 സിസിയിൽ കൂടുതലുള്ള മോട്ടോർസൈക്കിളുകളുടെ തീരുവ 50ൽ നിന്ന് 30 ശതമാനമായി കുറച്ചത് ഇതിലുൾപ്പെടുന്നു. അമേരിക്കൻ ബർബോണ് വിസ്കിയുടെ തീരുവ 150ൽ നിന്ന് 50 ശതമാനമായി സർക്കാർ കുറച്ചു. ഇന്ത്യൻ വിസ്കി നിർമാതാക്കൾ പ്രതിഷേധിച്ചതോടെ തീരുവ 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാക്കി.
ജിഎം രഹിതത്തിലും കുരുക്ക്
ലോകമെന്പാടും നേരിടുന്ന തീരുവ ഇതര തടസങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അമേരിക്ക പുറത്തിറക്കിയിരുന്നു. സസ്യ എണ്ണകൾ, ആപ്പിൾ, ചോളം, മോട്ടോർ സൈക്കിളുകൾ, ഓട്ടോമൊബൈലുകൾ, പൂക്കൾ, പ്രകൃതിദത്ത റബർ, കാപ്പി, ഉണക്കമുന്തിരി, വാൽനട്ട്, ലഹരിപാനീയങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന താരിഫ് ഏർപ്പെടുത്തിയതിനെ, വ്യാപാരതടസങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആർ) റിപ്പോർട്ട് വിമർശിച്ചു.
ഇതിനു തൊട്ടുപിന്നാലെ, കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇന്ത്യക്ക് 27 ശതമാനം പരസ്പര തീരുവ അമേരിക്ക പ്രഖ്യാപിച്ചു. പാൽ, പന്നിയിറച്ചി, മത്സ്യോത്പന്നങ്ങൾ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്ക് ജിഎം രഹിത സർട്ടിഫിക്കറ്റുകൾ (ജനിതകമാറ്റം വരുത്തിയിട്ടില്ലെന്ന് ഉറപ്പാക്കുന്നത്) നിർബന്ധമാക്കി. യൂറോപ്യൻ യൂണിയന് 20 ശതമാനവും യുകെ 10 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണ കൊറിയയ്ക്ക് 25 ശതമാനവുമാണ് അമേരിക്കൻ തീരുവ. ചൈനയ്ക്ക് 54 ശതമാനവും വിയറ്റ്നാമിന് 46 ശതമാനവും ബംഗ്ലാദേശിന് 37 ശതമാനവും തായ്ലൻഡിന് 36 ശതമാനവും ഇന്തോനേഷ്യക്ക് 32 ശതമാനവും ആണെന്നതിൽ ആശ്വസിക്കാം.
National
ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കുടുംബവാഴ്ച അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ഡോ.ശശി തരൂർ. കുടുംബവാഴ്ച ജനാധിപത്യത്തിന് വെല്ലുവിളിയാണ്. കുടുംബമഹിമയ്ക്കല്ല മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണ നൽകേണ്ടത്.
പ്രോജക്ട് സിന്റിക്കേറ്റിൽ ഒക്ടോബർ 31 ന് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബ വാഴ്ചയ്ക്ക് എതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ് എന്ന തലക്കെട്ടിലാണ് ലേഖനം.
കോൺഗ്രസിൽ നെഹ്റു-ഗാന്ധി കുടുംബമെന്ന പോലെ രാഷ്ട്രീയ രംഗത്താകെ ഈ കുടുംബവാഴ്ച നിലനിൽക്കുന്നുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
രാഷ്ട്രീയ അധികാരം നിയന്ത്രിക്കുന്ന കുടുംബങ്ങൾക്ക് സാമ്പത്തിക ശക്തിയും വേണ്ടുവോളമുണ്ടെന്നും ഇത് അധികാരത്തിലിരുന്ന് സമാഹരിച്ചതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. എന്നാൽ ഈ ലേഖനം ബിജെപി ബിഹാറിൽ ആയുധമാക്കുകയാണ്.
തരൂർ എഴുതിയ ലേഖനം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിച്ചു.
Kerala
തിരുവനന്തപുരം: വിരട്ടലും ഭീഷണിപ്പെടുത്തലുമൊക്കെ സിപിഎമ്മിന്റെ രാഷ്ട്രീയമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നും അറിയില്ലായെന്നാണ്. താൻ രാഷ്ട്രീയ വിദ്വാനാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പക്ഷേ താൻ അധ്വാനിക്കുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു.
കോമണ്സെൻസും കുറച്ചു ബുദ്ധിയുമുള്ള താൻ ഹിന്ദു വിശ്വാസിയാണ്. ശബരിമലയിൽ 18 തവണ 18 പടികയറി ദർശനം നടത്തിയിട്ടുണ്ട്. കാൾ മാർക്സും ദാസ് ക്യാപിറ്റലും വായിച്ചു കമ്മ്യൂണിസ്റ്റാകാൻ തനിക്കു താത്പര്യമില്ല.
പക്ഷേ വികസന കാഴ്ച്ചപ്പാടു തനിക്കുണ്ടെന്നും അതുമായാണു താനും ബിജെപിയും കേരളത്തിൽ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനു കേരളത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോടു പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
അയ്യപ്പഭക്ത സംഗമം രാഷ്ട്രീയമായി കാണരുതെന്നാണു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ആരെ വിഡ്ഢിയാക്കാനാണ് ഇതിൽ രാഷ്ട്രീയമില്ലായെന്നു അദ്ദേഹം പറയുന്നത്. ദേവസ്വം ബോർഡാണ് അയ്യപ്പസംഗമം സംഘടിപ്പിക്കേണ്ടതും അതിഥികളെ ക്ഷണിക്കേണ്ടതും. എന്നാൽ അതെല്ലാം ചെയ്യുന്നതു ദേവസ്വം മന്ത്രിയാണ്.
ഹിന്ദുവിരുദ്ധത പറയുന്ന സ്റ്റാലിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നതിനു പിന്നിൽ മുഖ്യമന്ത്രിക്കു മറ്റൊരു അജണ്ടയുണ്ട്. തെരഞ്ഞെടുപ്പിനു കുറച്ചു മാസങ്ങൾ മാത്രം ശേഷിക്കെ മുഖ്യമന്ത്രിയും സിപിഎമ്മും നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പരിപാടിയെപ്പറ്റി ബിജെപിയ്ക്ക് ആക്ഷേപമില്ല. ദേവസ്വം ബോർഡ് സംഘടിപ്പിക്കുകയാണെങ്കിൽ അതു നടക്കട്ടെ. ശബരിമലയിൽ ഭക്തർക്കായി ഒന്നും ചെയ്യാത്തവരാണു ദേവസ്വംബോർഡും സർക്കാരും. എന്നാൽ പന്പയിൽ നടക്കുന്ന സമ്മേളനത്തിൽ ഹിന്ദുവിനെതിരെ നിലപാടെടുക്കുകയും പരസ്യമായി സംസാരിക്കുകയും ചെയ്ത ആളുകളെ പങ്കെടുപ്പിക്കുന്നതാണു പ്രശ്നം.
ഹിന്ദുമത വിശ്വാസം വൈറസ് എന്നു പറഞ്ഞ സ്റ്റാലിനും അയ്യപ്പഭക്തരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. ഇരുവരും പങ്കെടുത്താൽ അത് അയ്യപ്പഭക്തരെ അപമാനിക്കുന്നതിനു തുല്യമാണ്. മുഖ്യമന്ത്രി പറഞ്ഞതു അയ്യപ്പസംഗമം ആരാധനയുടെ ഭാഗമാണെന്നാണ്. മുഖ്യമന്ത്രി വിശ്വാസിയല്ല. ഭക്തരെ ബഹുമാനിക്കുന്ന ഭക്തർക്കുവേണ്ടിയുള്ള സമ്മേളനം ആണെങ്കിൽ അവിടേക്കു സ്റ്റാലിനെയും ഡിഎംകെയും ക്ഷണിക്കാൻ പാടില്ല.
വിശ്വാസി അല്ലാത്തൊരു മുഖ്യമന്ത്രിയല്ല ഈ പരിപാടി സംഘടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം സമുദായത്തിനെതിരെ സംസാരിച്ച ഏതെങ്കിലും നേതാവിനെ മുസ്ലിം സമുദായത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുപ്പിക്കാൻ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും രാജീവ് ചോദിച്ചു.